Monday, November 18, 2013

നവീന അദ്വൈതം

    ഈ പ്രപഞ്ചമൊട്ടാകെ ഒരൊറ്റ ശരീരമാണ്. നമ്മുടെ ശരീരം പോലെത്തന്നെ. നമ്മുടെ ശരീരത്തിൽ കോടിക്കണക്കിന്‌ കോശങ്ങളും അനവധി കോശങ്ങൾ ചേർന്ന് അവയവങ്ങളും പലവിധ അവയവങ്ങൾ ചേർന്ന് ശരീരവുമാണല്ലോ. ഈ സകലമാന കോശങ്ങളും അവയവങ്ങളും ഒരുമിച്ച് സ്വന്തം നിലയിലുള്ള പ്രവർത്തനങ്ങൾ ഒറ്റക്കൊറ്റയായും മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ ഒന്നായും ചേരുമ്പോൾ ശരീരത്തിൽ ജീവൻ എന്ന പ്രതിഭാസം ഉണ്ടാകുന്നുവല്ലോ. എന്നതുപോലെത്തന്നെ ഈ പ്രപഞ്ചത്തിൽ കോടാനുകോടി നക്ഷത്രങ്ങളും കോടിക്കണക്കിന്‌ നക്ഷത്രസമൂഹങ്ങളും ഒറ്റയായ പ്രവർത്തനങ്ങളും ഒരുമിച്ചുള്ള പ്രവർത്തനങ്ങളും മൂലം പ്രപഞ്ചശരീരം ജീവസുറ്റതായിത്തീരുന്നു.

          ഈ പ്രപഞ്ചത്തിലെ ഓരോ നക്ഷത്രങ്ങളും ഓരോ കോശങ്ങളാണ്. നക്ഷത്രം ന്യൂക്ലിയസ്സും മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കോശങ്ങളിലെ  മറ്റു ഘടകങ്ങളുമായി പ്രവർത്തിക്കുന്നു. നമ്മുടെ ശരീരം പോലെത്തന്നെ. അനവധിയനവധി കോശങ്ങൾ നിമിഷംപ്രതി ജനിച്ചു കൊണ്ടിരിക്കുകയും അനവധിയനവധി കോശങ്ങൾ നിമിഷംപ്രതി നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുവല്ലോ. ഈ ശരീരത്തിന്‍റെ ഉടമയായ നാമത്  അറിയുന്നില്ല. മൊത്തത്തിലുള്ള പ്രവർത്തനം മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുന്നു. എന്നതുപോലെ പല ഗ്രഹങ്ങളും നക്ഷത്രങ്ങൾ തന്നെയും എരിഞ്ഞില്ലാതായിക്കൊണ്ടിരിക്കുകയും പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നതായും ശാസ്ത്രം തെളിയിച്ചു കൊണ്ടിരിക്കുന്നു . നമ്മുടെ നക്ഷത്രമായ സൂര്യൻ നാശത്തിലേക്ക്  നീങ്ങുന്നതിന്‍റെ മുന്നോടിയായി ഭൂമിയും മറ്റു ഗ്രഹങ്ങളും ആദ്യം ഇല്ലാതാകും. നമ്മുടെ ഭൂമിയും സൂര്യനും അതിന്‍റെ മാതൃഭാഗമായ ക്ഷീരപഥത്തിനെ ആശ്രയിച്ചു നില്‍ക്കുന്നു... നമ്മൾ ഒരു കോശമായി ആരംഭിച്ചു പല കോശങ്ങളായി വിഭജിക്കപ്പെട്ടു അവയവങ്ങൾ രൂപാന്തരപ്പെട്ടു ശരീരം വളർന്നു വളർന്ന്  പൂർണ്ണവളർച്ചയെത്തി അവസാനം നാശത്തിലേക്ക് പോകുന്നത് പോലെ തന്നെ ഈ പ്രപഞ്ചം ഒറ്റ പിണ്ഡം പൊട്ടിത്തെറിയിൽ വിഭജിക്കപ്പെട്ട്  വീണ്ടും വീണ്ടും വിഭജിക്കപ്പെട്ട് വികാസം പ്രാപിച്ച് വളർച്ച നേടിക്കൊണ്ടിരിക്കയാണ്. ആ വളർച്ച അവസാനിക്കുമ്പോൾ നമ്മുടെ ശരീരം പോലെത്തന്നെ പ്രവർത്തനം ആദ്യം ഏറ്റവും ചെറിയ ഘടകങ്ങളിൽ നിന്നും നിലച്ചു നിലച്ച്  വീണ്ടും ഒറ്റ പിണ്ഡമായി ചുരുങ്ങും. നമ്മൾ മരിച്ച്  മണ്ണിൽ ചേരുന്നു. ഗ്രഹങ്ങൾ നശിച്ച് നക്ഷത്രത്തിൽ ചേരുന്നു. നക്ഷത്രങ്ങൾ നശിച്ച്  നക്ഷത്രസമൂഹത്തിൽ ചേരുന്നു. നക്ഷത്രസമൂഹങ്ങൾ നശിച്ച്  പ്രപഞ്ചത്തിന്‍റെ വികസിതരൂപം വീണ്ടും ചുരുങ്ങി ചെറുതായിത്തീരുന്നു. വീണ്ടും പുതിയ വികാസത്തിനായി കാത്തിരിയ്ക്കുന്നു.  

             നമ്മുടെ ശരീരത്തിലെ ഓരോ കോശവും ഒറ്റയ്ക്കു പ്രവർത്തിക്കുകയും എല്ലാ കോശങ്ങളും ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന  തത്വം പോലെത്തന്നെ പ്രപഞ്ചവും പ്രവർത്തിക്കുന്നുവല്ലോ. നമ്മളെ ഉൾക്കൊള്ളുന്ന പ്രപഞ്ചത്തിലെ അവയവമായ ക്ഷീരപഥത്തിലെ കോശമായ സൂര്യൻ എന്ന നക്ഷത്രത്തിലെ ഘടകങ്ങളായ ഗ്രഹങ്ങളിൽ ഒന്നു മാത്രമായ ഭൂമിയും ഈ നിയമപ്രകാരം ഒറ്റയ്ക്കു പ്രവർത്തിക്കുകയും എല്ലാ ഗ്രഹങ്ങളും ഒറ്റയ്ക്കൊറ്റയ്ക്കും സൗരയൂഥം ഒന്നായും പ്രവർത്തിക്കുന്നുവല്ലോ. ഈ ക്ഷീരപഥത്തിലെ ഓരോ നക്ഷത്രവും ഒറ്റയ്ക്കൊറ്റയായും എല്ലാ നക്ഷത്രങ്ങളും ചേർന്ന് ക്ഷീരപഥം ഒന്നായിച്ചേർന്നും പ്രവർത്തിക്കുന്നു. ഈ നക്ഷത്രസമൂഹങ്ങൾ  ഒറ്റയ്ക്കൊറ്റയായും എല്ലാ നക്ഷത്രസമൂഹങ്ങളും ഒന്നായിച്ചേര്‍ന്നും ഈ പ്രപഞ്ചം ജീവിക്കുന്നു.

      ഈ പ്രപഞ്ചത്തിലെ അവയവങ്ങളായ നക്ഷത്രസമൂഹങ്ങളില്‍ ഒന്നായ ക്ഷീരപഥത്തിലെ കോശങ്ങളായ നക്ഷത്രങ്ങളില്‍ ഒന്നായ സൂര്യനിലെ ഘടകങ്ങളായ ഗ്രഹങ്ങളില്‍ ഒന്നായ ഭൂമിയും സ്വന്തമായി ജീവനുള്ള സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ശരീരമാണ്. ഭൂമിയാകുന്ന  ശരീരത്തിലെ രക്തമായി   പ്രവർത്തിക്കുന്നത് ജലമാകുന്നു. ഈ ജലം ശുദ്ധീകരിക്കുകയും ചംക്രമണം നടത്തുകയും ചെയ്യുന്ന ഹൃദയത്തിന്‍റെയും വൃക്കയുടെയും  മറ്റും പ്രവര്‍ത്തനങ്ങള്‍ സമുദ്രം നിര്‍വഹിക്കുന്നു.

           ഈ സമുദ്രമാകുന്ന ഹൃദയത്തിലെ രക്തമാകുന്ന ജലം സൂര്യതാപമേറ്റ് ശുദ്ധീകരിക്കപ്പെട്ട്  നീരാവിയായി ഉയര്‍ന്ന്‍  കാര്‍മേഘമായി പരന്ന്‍  തണുത്ത കാറ്റേറ്റ്  വെള്ളമായി ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യപ്പെടുന്നു. ഇങ്ങനെ വര്‍ഷിക്കപ്പെട്ട ജലം ഭൂമിയുടെ ഉപരിതലങ്ങളിലൂടെ എല്ലാ അഴുക്കുകളും ഉള്‍ക്കൊണ്ടുകൊണ്ട്  നീര്‍ച്ചാലുകളായി പുഴയായി നദിയായി വീണ്ടും സമുദ്രത്തില്‍ ചേരുന്നു; ഭൂമിയെ ശുദ്ധീകരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിലൂടെയും നീരുറവകളായി ഉള്ളില്‍ക്കൂടിയും ഒഴുകി അശുദ്ധരക്തമായി സമുദ്രങ്ങളില്‍ ചേരുന്നു. ഇത്  രക്തചംക്രമണംപോലെ ആവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നു.

              ഭൂശരീരത്തില്‍ മഴയായി പതിച്ച വെള്ളം ഒഴുകുമ്പോള്‍ മുറിവുകള്‍   അധികമാകാതിരിയ്ക്കാനും അന്തരീക്ഷത്തിലെ താപനില നിയന്ത്രിക്കുന്നതിനും വൃക്ഷലതാദികള്‍ സഹായിക്കുന്നു. ഭൂമിയുടെ അസ്ഥികളായി പാറകള്‍ നിലക്കൊള്ളുന്നു. ഭൂഗര്‍ഭജലം മജ്ജകള്‍പോലെയും പ്രവര്‍ത്തിക്കുന്നു. മണ്ണ് നമ്മുടെ മാംസപേശികള്‍ക്കു തുല്യമായി പ്രവര്‍ത്തനം നടത്തുന്നു. വൃക്ഷലതാദികള്‍ക്ക്  രോമാകൂപങ്ങള്‍ക്ക്  തുല്യമായ പ്രവര്‍ത്തനമാണ് ചെയ്യാനുള്ളത്. കൂടുതല്‍ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ കാടുകള്‍ ഉണ്ടാകുന്നു. നമ്മുടെ ശരീരത്തിലും വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണല്ലോ കാടുകള്‍ ഉള്ളത്.

                വൃക്ഷലതാദികള്‍ക്ക്  അമിതവളര്‍ച്ചയും പെരുപ്പവും ഉണ്ടാകാതെ സൂക്ഷിക്കുന്നതിന് പുഴുക്കള്‍  മുതല്‍ ആനയും ജിറാഫും പോലെയുള്ള ജീവികളെ ഈ ഭൂമിയില്‍ ഉണ്ടാക്കിയിരിക്കുന്നു. വ്യത്യസ്ത സസ്യങ്ങള്‍ക്ക് വ്യത്യസ്ത സംവിധാനമാണ്‌ നിലനില്‍ക്കുന്നത്.

              വൃക്ഷലതാദികള്‍ തിന്നുത്തീര്‍ക്കുന്ന സസ്യഭോജികള്‍ അമിതമായി പെരുകിയാല്‍ മൊത്തം സസ്യങ്ങളും ഇല്ലാതാകും. അതിനെ തടുക്കുന്നതിന്  ഹിംസ്രജന്തുക്കള്‍ ഇവയെ നിയന്ത്രിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങളിലും ഭൂമിയെ സംരക്ഷിക്കുന്നതിന്നുള്ള  ചുമതലകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്  ഭക്ഷണരീതിയിലാണ്. ചെടികള്‍ സ്വന്തം  വളര്‍ച്ചയ്ക്കായി ഭൂമിയില്‍ വേരുറപ്പിക്കുമ്പോള്‍ മണ്ണൊലിപ്പും വളം വലിച്ചെടുക്കുമ്പോള്‍ ദുര്‍മേദസ്സും ഇല്ലാതാകുന്നു.നമ്മുടെ ശരീരത്തില്‍ പോഷകാംശങ്ങള്‍ അടിഞ്ഞുകൂടി ദുര്‍മേദസ്സുണ്ടാകുന്നതുപോലെത്തന്നെ മണ്ണില്‍ വിഘടിച്ചുചേരുന്ന വിവിധ ഘടകപദാര്‍ഥങ്ങള്‍ വ്യത്യസ്ത ചെടികള്‍ വലിച്ചെടുക്കാനില്ലെങ്കില്‍ മണ്ണ്  ദുര്‍മേദസ്സുള്ളതായിത്തീരും. ജലം വലിച്ചെടുത്ത്‌ ഭക്ഷണം പാകം ചെയ്യുകയും അധികജലം അന്തരീക്ഷത്തില്‍ വിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ താപനില നിയന്ത്രിക്കപ്പെടുന്നു. 

              വിവിധ സസ്യങ്ങളിലെ പൂക്കളില്‍ തേന്‍ കുടിച്ചും പഴങ്ങള്‍ തിന്നും വ്യത്യസ്ത ജീവികള്‍ വിത്തുവിതരണം നടത്തുന്നു. സ്വന്തം ഭക്ഷ്യസമ്പാദനത്തോടൊപ്പം കര്‍ത്തവ്യം നിര്‍വഹിക്കുന്നു.വ്യത്യസ്ത ചെടികള്‍ക്ക് വ്യത്യസ്ത ജീവികള്‍ !

  പരിസരം വൃത്തിയാക്കുന്നതിനും വിവിധ ജീവികള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ബാക്ടീരിയ മുതല്‍ ഈച്ച, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവ വൃത്തിയാക്കല്‍ പ്രക്രിയ സ്വന്തം ഭക്ഷണ സമ്പാദനത്തിനോടൊപ്പം നിര്‍വഹിക്കുന്നുണ്ട്. ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ ബാക്ടീരിയ തിന്ന് പെരുകുകയും വൃത്തിയാക്കുകയും ചെയ്യുന്നു.   പുഴുക്കളും ഈച്ചകളും ചീഞ്ഞളിഞ്ഞവ ഇല്ലാതാക്കുന്നു. വിവിധ പക്ഷികള്‍ - കാക്ക, കോഴികഴുകന്‍ മുതലായവ ഈ പ്രവര്‍ത്തിചെയ്യുന്നു. മൃഗങ്ങളില്‍ പന്നി, കഴുതപ്പുലി മുതല്‍ പലരും മലിനീകരണം ഭക്ഷ്യസമ്പാദനത്തോടൊപ്പം ഇല്ലാതാക്കുന്നുണ്ട്. ഈ ഭൂമിയുടെ ശരീരഘടകങ്ങളായ എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നതോടൊപ്പം സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുകയും ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

             ഈ ഭൂമിയിലെ ഏറ്റവും ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ജീവസമൂഹമാണ് മനുഷ്യന്‍ . നമ്മുടെ ശരീരത്തിലെ രക്താണുക്കള്‍ പ്രവര്‍ത്തിക്കുന്നതുപോലെയാണ് മനുഷ്യന്‍ ഭൂമിശരീരത്തില്‍ പ്രവര്‍ത്തിക്കേണ്ടത്. ലഭ്യമായിട്ടുള്ള വിശേഷബുദ്ധിയും വിശകലനകഴിവും ഉപയോഗിച്ച് എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ച് ശത്രുക്കളോട് പോരാടി ഭൂമിയെ സംരക്ഷിക്കാനുള്ള  ഏറ്റവും വലിയ  ഉത്തരവാദിത്വം മനുഷ്യവര്‍ഗത്തിനാണ്. എന്നാല്‍ എന്താണ് സംഭവിക്കുന്നത്;  നമ്മുടെ  ശരീരത്തില്‍ വെളുത്ത രക്താണുക്കള്‍ അമിതവളര്‍ച്ച നേടി മറ്റു കോശങ്ങളെ ഇല്ലാതാക്കി രക്താര്‍ബുദം ഉണ്ടാകുന്നതുപോലെ മനുഷ്യന്‍ സ്വന്തം സുഖജീവിതത്തിനായി ഭൂമിയെ നശിപ്പിച്ച് ജീവജാലങ്ങളെ ഇല്ലാതാക്കി ധനസമ്പാദനം മാത്രം ലക്ഷ്യമാക്കി മറ്റൊരു ജീവിയും ചെയ്യാനറയ്ക്കുന്ന   നിഷ്ഠൂരപ്രവൃത്തികള്‍ ചെയ്ത്  ഭൂമിശരീരത്തില്‍ രക്താര്‍ബുദകാരണക്കാരായി മാറിയിരിക്കുന്നു. ഇനിയെങ്കിലും ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാക്കാനായി എല്ലാ മനുഷ്യരും മുന്നോട്ടു വരേണ്ടതാണ്. 
                                                  
ഫ്രാന്‍സിസ്   എ. വി
                                                       ചുങ്കം - 680601
                                                        9495288712